നെടുമങ്ങാട്: നൂറുകണക്കിന് കായികപ്രതിഭകളെ വളർത്തി യെടുത്ത വേങ്കവിളയിലെ റോയൽ നീന്തൽക്കുളം അടച്ചിട്ട് മൂന്നു വർഷം പിന്നിടുന്നു. കുളം തുറന്നു നവീകരിക്കാനോ പരിശീലനത്തിനു സൗകര്യമൊരുക്കാനോ യാതൊരുശ്രമങ്ങളുമുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി.
ജില്ലാ പഞ്ചായത്തിന്റെയും സർക്കാരിന്റെയും ലക്ഷക്കണക്കിനു രൂപയുടെ ഫണ്ടുകൾ ഉപയോഗിച്ച് നിർമിച്ച പ്രധാന കുളം, കുട്ടികൾക്കായുള്ള ബേബി പൂൾ, ശൗചാലയം, ചുറ്റുമതിൽ, മറ്റനുബന്ധ ഉപകരണങ്ങൾ, മോട്ടോറുകൾ, പമ്പുകൾ എന്നിവയെല്ലാം വെയിലേറ്റും മഴയേറ്റും തുരുമ്പെടുത്ത് നശിക്കുകയാണ്. ഗ്രാമീണ മേഖലയിൽ സാധാരണക്കാരായ കുട്ടികൾക്ക് കുറഞ്ഞ ചെലവിൽ പ്രഫഷണൽ നീന്തൽ പഠിക്കാൻ ഉണ്ടായിരുന്ന ഏക ആശ്രയമായിരുന്നു ഈ കുളം. മുൻപ് ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ വരെ തിളങ്ങിയ നിരവധി താരങ്ങൾ ഇവിടെനിന്നു പരിശീലനം നേടിയിട്ടുണ്ട്. ഇരുനൂറോളം കുട്ടികളാണ് മുമ്പ് ഇവിടെ സ്ഥിരമായി നീന്തൽ പരിശീലനം നടത്തിയിരുന്നത്. സ്പോർട്സ് കൗൺസിൽ നിയമിച്ച കോച്ചിനു പുറമെ റോയൽ ക്ലബ് സ്വന്തം ചെലവിൽ മൂന്നു കോച്ചുമാരെ കൂടി ഇവിടെ നിയമിച്ചിരുന്നു.
കോവിഡ് കാലത്ത് കുളം കുറച്ചുകാലം അടച്ചിടേണ്ടി വന്നതോടെയാണ് പ്രതിസന്ധികൾ തുടങ്ങിയത്. പിന്നീട് തുറന്നെങ്കിലും കുളത്തിലെ വെള്ളം പൂർണമായും ഉപയോഗശൂന്യമായി. ഇവിടെ നീന്താനിറങ്ങിയ കുട്ടികൾക്ക് കണ്ണിൽ നീറ്റലും ശരീരത്തിനു ചൊറിച്ചിലും അനുഭവപ്പെടുന്നത് പതിവായി. തുടർന്ന് ആരോഗ്യവകുപ്പ് വെള്ളം പരിശോധനയ്ക്ക് അയച്ചു. വെള്ളം മലിനമാണെന്നും കുട്ടികളെ നീന്തൽ പരിശീലിപ്പിക്കണമെങ്കിൽ പുതിയ ഫിൽറ്ററിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ആരോഗ്യവകുപ്പ് കർശന നിർദേശം നൽകി. എന്നാൽ അതിനുള്ള ഫണ്ടില്ലാത്തതി നാൽ പരിശീലനം നിർത്തുക യായിരുന്നു. ഇതിനിടെ കുളം വീണ്ടും തുറന്നുനൽകാൻ ശ്രമം നടത്തിയെങ്കിലും സംസ്ഥാനത്ത് അമീബിക് മസ്തിഷജ്വര സാധ്യതകൾ വർധിച്ച സാഹചര്യത്തിൽ തുറക്കാനായി ല്ല. മുൻപ് രണ്ടു സ്കൂൾ വിദ്യാർഥികൾ അധ്യാപകരുടെ അറിവില്ലാതെ ഇവിടെ കുളിക്കാനെത്തി മുങ്ങിമരിച്ച സംഭവം സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചു.
അടിയന്തരമായി കുളം നവീകരിച്ചു സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു തുറന്നു പ്രവർത്തിക്കണമെന്നാണ് പ്രദേശവാസികളുടെയും കായിക പ്രേമികളുടെയും ആവശ്യം. സുരക്ഷാ വീഴ്ചകൾ ഒഴിവാക്കാൻ ലൈഫ് ഗാർഡുമാരുടെ സേവനം ഉറപ്പാക്കണമെന്നും സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. റോയൽ ക്ലബിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഒപ്പിട്ട നിവേദനങ്ങൾ ജില്ലാ പഞ്ചായത്തിനും സ്പോർട്സ് കൗൺസിലിനും നൽകിയിട്ടുണ്ട്. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളും സ്പോർട്സ് കൗൺസിലും മുൻകൈ യെടുത്തു കുളം തുറക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.